സ്ത്രീയും പുരുഷനും സഹജീവികളല്ലെ

Posted by ജസ്റ്റിന്‍ On Wednesday, 22 June 2011 0 അഭിപ്രായങ്ങള്‍

കേരള വനിതകള്‍ എന്ത് കൊണ്ട് പുരുഷന്റെ സംരക്ഷണയില്‍ തന്നെ സ്വതന്ത്രമായി നടക്കണം എന്നാഗ്രഹിക്കുന്നു. ചെറ്റത്തരം കാണിക്കുന്നവന്റെ കൂമ്പിടിച്ച് കലക്കാനും അപമര്യാദയായി പെരുമാറുന്നവനോട് യുക്തമായി പ്രതികരിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും പടിക്കണ്ടെ. അതിന് കഴിവില്ലാത്തവര്‍ വീണ്ടും പുരുഷ സംരക്ഷണക്കായി കരയാതെ വീട്ടിലിരിക്കുക.

ഒരു പൌരന്‍ ആക്രമിക്കപ്പെട്ടു എന്നല്ല വാര്‍ത്ത മറിച്ച് ഒരു സ്ത്രീ ആക്രമിക്കപ്പെട്ടു എന്നാണ്. എന്നാണ് സ്തീ ഞാനും ഒരു വ്യക്തിയാണെന്ന് മനസ്സിലാക്കുക.

കേരളത്തില്‍ ഈയ്യിടെ വാര്‍ത്തയായ എല്ലാ സ്തീ ആക്രമണങ്ങള്‍ക്കും സമാനമായ (ചാരിത്രം ഒഴിച്ച്. കാരണം അത് സ്തീകള്‍ക്ക് മാത്രം ഉണ്ടെന്ന് അവര്‍ വിശ്വസിക്കുന്ന ഒരു ബല്യക്കാട്ടന്‍ സാധനം ആണ്. അതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണവും) ആക്രമണങ്ങള്‍ക്ക് പുരുഷന്മാര്‍ (രണ്ടിരട്ടിയിലധികം) ഇരയായിട്ടുണ്ട്. അതൊന്നും വാര്‍ത്താ സ്രദ്ധ നേടില്ല. ആ പുരുഷന്‍ ആക്രമിക്കപ്പെട്ടു എന്നും പറഞ്ഞ് സങ്കടത്തോടെ ഒരു വ്യക്തി പോലും ഒരു സ്റ്റാറ്റസ്സോ പോസ്റ്റോ ഇട്ട് കണ്ടില്ല. ഇതൊക്കെ ആരെ തോല്‍പ്പിക്കാനാണ്.

ഈയ്യിടെ ഗര്‍ഭ പാത്രമുള്ള പുരുഷന്‍ എന്ന ഒരു റിപ്പോര്‍ട്ട് വായിച്ചു. അതില്‍ 25 നു മുകളില്‍ കമന്റുകളില്‍ 24 എണ്ണവും മറ്റെന്തൊക്കെയോ ആയിരുന്നു. ഒരാള്‍ പോലും കഷ്ടം എന്നൊരു വാക്ക് പറഞ്ഞ് കണ്ടില്ല. അതേ സമയം ഗര്‍ഭ പാത്രമില്ലാത്ത ഒരു സ്ത്രീയെപ്പറ്റിയായിരുന്നു ആ റിപ്പോര്‍ട്ട് എങ്കില്‍ അതും അതൊരു സ്ത്രീ കൂടിയായിരുന്നു ഇട്ടിരുന്നതെങ്കില്‍ 100 കണക്കിന് കമന്റുകള്‍ വരുമായിരുന്നു. വികാര നിര്‍ഭരമായവ.

എന്ത് കൊണ്ട് സ്ത്രീകള്‍ മാത്രം പീഡിപ്പിക്കപ്പെടുന്നു. അല്ലെങ്കില്‍ എന്താണ് പീഠനം. അങ്ങനെ പീഡിപ്പിക്കപ്പെടും എന്ന് തോന്നുന്നുണ്ടെങ്കില്‍ പീഢിപ്പിക്കപ്പെടാത്ത സ്ഥലത്ത് ഒളിച്ചിരുന്നാല്‍ പോരെ.

എന്ത് കൊണ്ട് ഒരു വ്യക്തി ആക്രമിക്കപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നില്ല

സഹതപിക്കുന്ന പുരുഷന്മാര്‍ എല്ലാം നാളെ തന്റെ അമ്മക്കോ പെങ്ങന്മാര്‍ക്കോ അല്ലെങ്കില്‍ ഭാര്യക്കോ ഇങ്ങനെ ഒരു ഗതി വന്നെങ്കിലോ എന്ന് പേടിച്ചാണ് പ്രതികരിക്കുന്നത്. അല്ലാതെ ഒരു സഹജീവി ആക്രമിക്കപ്പെട്ടല്ലോ എന്ന രോഷത്താലല്ല.


ഒരു പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയത്

Posted by ജസ്റ്റിന്‍ On Sunday, 15 May 2011 0 അഭിപ്രായങ്ങള്‍

http://mini-minilokam.blogspot.com/2011/05/blog-post.html

എന്ന പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ ചില ചിന്തകള്‍.

ജാതിയും മതവും വിശ്വാസവും എല്ലാം ആവശ്യം തന്നെ. അതിനെ ആവശ്യമില്ലാതെ തോളിലേറ്റുകയും, മറ്റുള്ളവര്‍ തന്നെക്കാള്‍ താഴ്ന്ന ജാതിയാണെന്നു കരുതുകയും ചെയ്യാതിരുന്നാല്‍. പിന്നെ ഏതാണ് ജാതിയെന്നു ചോദിക്കുന്നവന്റെ മുഖത്ത് നോക്കി (ഏത് രീതിയില്‍ സാഹചര്യത്തില്‍ ചോദിച്ചു എന്ന് മനസ്സിലാക്കി) പറയാനുള്ള നല്ല നാടന്‍ ഭാഷ ഇഷ്ടം പോലെയുണ്ടല്ലോ. അതറിയാത്ത ഒറ്റ കുഞ്ഞും ഉണ്ടാകില്ല. അത് മതിയാകും.

അല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുകയല്ല വേണ്ടത്. നല്ല തന്റേടവും ചങ്കൂറ്റവും ഉള്ളവര്‍ ഒരിക്കലും ഇത്തരം കാര്യങ്ങളില്‍ ആവശ്യമില്ലാതെ വറീഡ് ആകുകയോ, വിഷമിക്കുകയോ ചെയ്യാറില്ല.

സ്വന്തം നിലയും വിലയും ഒക്കെ നോക്കേണ്ടത് സ്വന്തം ആവശ്യം. അത് നോക്കണം നോക്കിയെ മതിയാകു.

എന്ത് കൊണ്ട് ജാതി ചോദിച്ചു പോകുന്നു എന്നതിന് ഒരു മികച്ച ഉദാഹരണമാണ് “സങ്കരന്‍ നായരുടെ” മറുപടി. കാരണം ഒരെ ശീലമുള്ളവരെ കൂട്ടു പിടിക്കാന്‍ മാത്രം. അപ്പോള്‍ മറ്റൊരാളുടെ വെറുപ്പിന് പാത്രമാകില്ലല്ലോ.

എന്ത് കൊണ്ടാണ് അന്യ നാട്ടില്‍ “നീ മലയാളിയാണോ” എന്ന് നമ്മള്‍ ചോദിക്കുന്നത്. സ്വന്തം സംസ്കാരവും, ഭക്ഷണ രീതിയും ഒക്കെ ഉള്ളവരെ കണ്ടു പിടിക്കാനും മറ്റുമാണ്. അല്ലാതെ മലയാളിയോടൊത്ത് മാത്രമാണോ നമ്മള്‍ ജീവിക്കുന്നതും ജോലി ചെയ്യുന്നതും.

മതം വിശ്വാസത്തെക്കാള്‍ ഉപരി ഒരു ആചാരം അല്ലെങ്കില്‍ ജീവിത രീതി ഒക്കെ ആണ്. അത് ചേര്‍ന്ന് പോകേണ്ടത് ആവശ്യമാണ്. അത് കൊണ്ട് ജാതി ചോദിക്കുന്നതില്‍ തെറ്റില്ല.

സ്വന്തം മക്കളെ ജാതിയില്ലാത്തവരായി വളര്‍ത്താന്‍ ചങ്കൂറ്റമുള്ള എത്ര പേറ് ഉണ്ട് മുകളില്‍ പറഞ്ഞവരില്‍. അതായത് ലോകത്തിലെ ഒരു ഭക്ഷണത്തോടും എതിര്‍പ്പില്ലാത്തവനായി, ഏത് ജീവിത രീതിയും സ്വീകരിക്കാവുന്നവനായി, ഏത് സമൂഹ ജീവിതവും നയിക്കാവുന്നവനായി. ഒരു മനുഷ്യനായി സ്വതന്ത്ര നായി ഒക്കെ. ആരെക്കൊണ്ടെങ്കിലും കഴിയുമോ.

കഴിയില്ല. എന്തെങ്കിലും നിയന്ത്രണം ഉണ്ടാകുമ്പോള്‍ അതൊരു പുതിയ മതം ആകുന്നു.


Chicken a la carte, from Ferdinand Dimadura (2006)

Posted by ജസ്റ്റിന്‍ On Thursday, 9 September 2010 0 അഭിപ്രായങ്ങള്‍


www.saikatham.com

Posted by ജസ്റ്റിന്‍ On Thursday, 26 August 2010 0 അഭിപ്രായങ്ങള്‍


സംസ്കാരം ഭക്ഷണത്തില്‍ അധിഷ്ഠിതമോ ?

Posted by ജസ്റ്റിന്‍ On Sunday, 25 July 2010 2 അഭിപ്രായങ്ങള്‍

ലോകത്തില്‍ ഏറ്റവും അധികം തര്‍ക്കം ഉണ്ടായിട്ടുള്ള ഒരു കാര്യമാകും മാംസഭുക്ക് സസ്യഭുക്ക് എന്നത്. സസ്യാഹാരം കഴിക്കുക എന്നതും മാംസാഹാരം കഴിക്കുക എന്നതും മനുഷ്യന്റെ സ്വാതന്ത്ര്യം ആണ്. എന്ത് കഴിക്കണം എന്നതില്‍ ഒരിക്കലും മനുഷ്യനെ സംബന്ധിച്ച് ഒരു നിയന്ത്രണവും ഇല്ല എന്നതാണ് സത്യം. പുലിയെ മുതല്‍ എലിയെ വരെ, ആനയെ മുതല്‍ ആമയെ വരെ, പക്ഷികള്‍ മുതല്‍ പുഴു വരെ എന്തും മനുഷ്യന്‍ തിന്നും. കേരളതിന്റെ സംസ്ക്കാരം വച്ച് മനുഷ്യന്റെ ഭക്ഷണക്രമം നമുക്ക് പരിശോധിക്കാം.

ഈയ്യടുത്ത ദിവസം എന്റെ ചില സഹപ്രവര്‍ത്തകരുമായി ഭക്ഷണത്തെക്കുറിച്ച് ഒരു ചര്‍ച്ച ഉണ്ടായി. സസ്യഭുക്ക് എന്നവകാശപ്പെടുന്ന ഒരു സുഹൃത്ത് (ഗണേശന്‍” ഉണ്ടായിരുന്നു കൂടെ. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. 

'മനുഷ്യന്‍ എന്ത് കൊണ്ട് മൃഗങ്ങളെ ഭക്ഷിക്കുന്നു. മനുഷ്യന് തിന്നാനുള്ളതെല്ലാം (സസ്യാഹാരം) ഭൂമി ഒരുക്കിയിട്ടുണ്ട്. എന്നിട്ടും സംസ്ക്കാര സമ്പന്നരായ മനുഷ്യര്‍ എന്ത് കൊണ്ട് മൃഗങ്ങളെ കൊന്നൊടുക്കുന്നു. ഒരു ആടിനെ അല്ലെങ്കില്‍ കോഴിയെ കൊല്ലുമ്പോള്‍ അതിന്റെ പിടച്ചില്‍ കണ്ട് നില്‍ക്കാന്‍ എങ്ങനെ മനുഷ്യന് കഴിയുന്നു. പശുവിനെ എന്ത് കൊണ്ട് കൊല്ലുന്നു'

തുടങ്ങിയ ചില ചോദ്യങ്ങള്‍ ആണ് പ്രധാനമായും ഉയര്‍ന്നത്. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചത് ചില കാര്യങ്ങള്‍ ആണ്. 

“എന്ത് കൊണ്ട് നിങ്ങള്‍ സസ്യജാലങ്ങളെ തിന്നുന്നു. അവരുടെ ജീവന്‍ നശിപ്പിക്കപ്പെടുന്നത് എന്ത് കൊണ്ട് കാണുന്നില്ല. സസ്യങ്ങള്‍ക്കും ഒരോ ഫലങ്ങള്‍ക്കും ജീവന്‍ ഉണ്ട് എന്നത് എന്ത് കൊണ്ട് അറിയാതെ പോകുന്നു” 

ഗണേശന്‍ “ നെല്ല് മനുഷ്യന് തിന്നാനുള്ളതാണ്. അത് പോലെ പഴങ്ങള്‍ മനുഷ്യന് ഭക്ഷിക്കാനുള്ളതാണ്. പഴങ്ങള്‍ മണ്ണില്‍ വീണ് ചീഞ്ഞ് പോകുന്നതാണ്. അത് ഭക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്.”

“നെല്ല് മനുഷ്യന് ഭക്ഷിക്കാനുള്ളതാണെന്ന് ആര് പറഞ്ഞു. മാമ്പഴം മണ്ണില്‍ വീണ് ചീയാതെ മനുഷ്യന് തിന്നാനുള്ളതാണെന്ന് ആര് പറഞ്ഞു. ഈ ലോകത്തിലെ ഓരോ ജീവജാലത്തിനും ഒരു നിയോഗം ഉണ്ട്. പ്രത്യുല്‍പ്പാദന ധര്‍മ്മം. അത് നിറവേറ്റാനുള്ള അവകാശം എന്ത് കൊണ്ട് നിഷേധിക്കുന്നു. നെല്ലില്‍ നിന്ന് വേറെ ചെടി ഉണ്ടാകണം. മാമ്പഴതിന്റെ കാമ്പ് ചീഞ്ഞ് മാങ്ങായണ്ടിക്ക് വളമാകാനുള്ളതാണ് അല്ലാതെ മനുഷ്യന് തിന്നാനുള്ളതല്ല. അത് പോലെ ഒരോന്നും. നെല്ല് തീയില്‍ പുഴുങ്ങുമ്പോള്‍ അതിന്റെ കൊല്ലപ്പെടുന്ന മുകുളം എന്ത് കൊണ്ട് കാണുന്നില്ല. ഒരു മൃഗത്തെ കൊന്ന് ഭക്ഷിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് ഒരു ജീവന്‍ മാത്രം. പക്ഷെ ഒരു പാത്രം ചോറ്‌ കഴിക്കുമ്പോള്‍ നശിപ്പിക്കപ്പെടുന്നത് അനേകം ജീവനുകള്‍ ആണ്. അത് തിരിച്ചറിയാതെ പോകുകയോ അല്ലെങ്കില്‍ അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നു. എന്നിട്ട് എന്തിന് വെറുതെ മാംസഭുക്കുകള്‍ക്ക് മേലെ കുതിര കയറുന്നു. പശുവിന്റെ പാല്‍ പശുക്കുട്ടിക്ക് ഉള്ളതാണ്. അത് അതിനെ മാറ്റി കെട്ടിയിട്ട് നമ്മള്‍ കുടിക്കുന്നു. സത്യ സന്ധമായി ആലോചിച്ചാല്‍ ഇതെല്ലാം തെറ്റല്ലെ”

“അല്ല സസ്യാഹാരം കഴിക്കുന്നതില്‍ തെറ്റില്ല. നാഗാലന്റില്‍ പട്ടിയെ കഴിക്കുന്നു. എന്ത് കൊണ്ട് നിങ്ങള്‍ കഴിക്കുന്നില്ല. ജപാനില്‍ മത്സ്യം പച്ചക്ക് കഴിക്കുന്നു. ചൈനയില്‍ അവര്‍ കഴിക്കാത്ത ഒന്നും ഇല്ല. ഇതെല്ലാം സംസ്കാരമാണോ”

“ഇതെല്ലാം അവര്‍ കഴിച്ചു എന്ന് വച്ച് അവര്‍ക്കു സംസ്കാരം ഇല്ല എന്ന് പറയാന്‍ താങ്കള്‍ക്ക് എന്ത് അവകാശം. എന്ത് കൊണ്ട് താങ്കള്‍ പറയുന്ന നല്ല സംസ്കാരം ഉള്ള നിങ്ങള്‍ ഒക്കെ ലോകത്തില്‍ മുന്നോട്ട് വരുന്നില്ല. ഭക്ഷണം എന്ത് കഴിക്കുന്നു എന്ന് നോക്കിയല്ല സംസ്ക്കാരം നിര്‍ണ്ണയിക്കുക. അവരവരുടെ ടേസ്റ്റ് അനുസരിച്ച് എന്തും കഴിക്കാം. എന്ന് വച്ച് മനുഷ്യന്‍ മനുഷ്യനെ തിന്നരുത്”

“അതും നടക്കുന്നുണ്ടല്ലൊ. റിപ്പോര്‍ട്ടുകള്‍ കണ്ടിട്ടില്ലെ. എന്ത് കൊണ്ട് നിങ്ങള്‍ മൃഗങ്ങളെ തിന്നുന്നു. ജീവിക്കാനുള്ള അവകാശം അതിനില്ലെ. ചുമ്മാ മനുഷ്യന്റെ വായ്ക്ക് രുചിയുണ്ടാക്കാന്‍ അവയെ കൊന്നൊടുക്കുന്നു. മനുഷ്യന്റെ സ്വാര്‍ത്ഥതയ്ക്കു വേണ്ടി പ്രതികരിക്കാന്‍ കഴിവില്ലാത്ത ജന്തുക്കളെ എന്തിന് കൊന്നൊടുക്കുന്നു. ”

“അപ്പോള്‍ സസ്യങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശം ഇല്ല എന്നാണോ അര്‍ത്ഥം. താങ്കള്‍ എന്തിനാണ് കറികള്‍ മസാല ചേര്‍ത്ത് ഉണ്ടാക്കുന്നത്. വായ്ക്ക് രുചി കിട്ടാനല്ലെ. അത് പോലെ പാലില്‍ പഞ്ചസാരയും ചായപ്പൊടിയും ചേര്‍ക്കുന്നു. സസ്യജാലങ്ങളെ നശിപ്പിക്കുന്നു. എല്ലാ സസ്യ ജാലങ്ങളെയും മനുഷ്യം തിന്നൊടുക്കിയാല്‍ പിന്നെ മൃഗങ്ങള്‍ എന്ത് ചെയ്യും. നൊക്കു സുഹൃത്തെ, ഇതെല്ലാം ആവാസ വ്യവസ്ഥയുടെ ആവശ്യങ്ങള്‍ ആണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പ്രകൃതി തന്നെ നിശ്ചയിച്ചിട്ടുള്ള ചില രീതികള്‍. താങ്കള്‍ക്ക് മാസാഹാരം ഇഷ്ടമല്ലെങ്കില്‍ എന്തിന് അത് കഴിക്കുന്നവരെ കുറ്റപ്പെടുത്തുന്നു. ഒരു മരം വച്ച് പിടിപ്പിക്കാന്‍ പോലും മനുഷ്യരില്‍ ഭൂരിഭാഗവും സ്രമിക്കുനില്ല. മറ്റുള്ളവര്‍ ഉണ്ടാക്കിയത് വില കൊടുത്ത് വാങ്ങി തിന്ന് നശിപ്പിക്കുന്നു. ഇത്ര ചിന്തിക്കുന്നുണ്ടെങ്കില്‍ എന്ത് കൊണ്ട് അവയെ സംരക്ഷിക്കുന്നില്ല. വെള്ളം പോലും കുടിക്കാന്‍ താങ്കള്‍ യോഗ്യനല്ല. കാരണം വെള്ളത്തില്‍ വളരെയധികം അണുക്കള്‍ അടങ്ങിയിരിക്കുന്നു”

ഇങ്ങനെ നീണ്ടു പോയ സംസാരത്തിന് ഞാന്‍ അടിക്കുറിപ്പെഴുതി
ഭൂമിയിലെ ആവാസ വ്യവസ്ഥ നിലനില്‍ക്കാന്‍ ഭക്ഷണകൃമത്തിലെ ഈ സന്തുലിതാവസ്ഥ ആവശ്യം തന്നെ. സസ്യജാലങ്ങളെ ഭക്ഷണമാക്കുന്ന ജീവികള്‍ ഇല്ലെങ്കില്‍ ഭൂമി മുഴുവന്‍ കാടാകും. മത്സ്യങ്ങള്‍ തിന്നൊടുക്കാന്‍ മറ്റ് ജീവികള്‍ ഇല്ലെങ്കില്‍ വെള്ളം മുഴുവന്‍ മത്സ്യങ്ങള്‍ കൊണ്ട് നിറയും. അത് പോലെ ഓരോ ജീവിയും. എല്ലാറ്റിനും ഒരു നിയന്ത്രണം വേണം എന്നത് ശരി തന്നെ. അല്ലാതെ ഇന്നത് തിന്നണം ഇന്നത് തിന്നരുത്, ഭക്ഷണം ആണ് സംസ്ക്കാരം എന്നൊക്കെയുള്ള അബദ്ധധാരണകള്‍ മാറ്റുക. അത്ര തന്നെ.

എഴുതിയാല്‍ തീരില്ലാത്ത ഈ വിഷയം ഇനിയും തുടരും.....