ലയനം

Posted by ജസ്റ്റിന്‍ On Sunday 16 May, 2010 0 അഭിപ്രായങ്ങള്‍
“ലയനം” എന്നു കേള്‍ക്കുമ്പോള്‍ ഒരു പഴയ മലയാളം സിനിമ ആയിരിക്കും എല്ലാവര്‍ക്കും ഓര്‍മ്മ വരിക. എന്തായാലും ഇപ്പോള്‍ ഈ സിനിമയുടെ ഏറ്റവും പുതിയ പതിപ്പ് കുറച്ച് നാളുകള്‍ക്ക് മുന്‍പ് കേരളത്തില്‍ പുറത്തിറങ്ങി. പക്ഷെ ഈ സിനിമയില്‍ നായിക ഇല്ല. നായിക ഇല്ലെങ്കില്‍ എന്താ നായകന്മാര്‍ തകര്‍ത്ത് അഭിനയിക്കുകയല്ലെ. പ്രതിനായകന്മാരും വില്ലന്മാരും ഒരു വലിയ താരനിരയും ഉള്ള ഈ ചിത്രം വളരെയധികം ജനപ്രീതി നേടിക്കഴിഞ്ഞു. ഇപ്പോള്‍ എല്ലാ ചനെലുകളിലും ചിത്രത്തിന്റെ വിലയിരുത്തലുകള്‍ എല്ലാ ബുള്ളെറ്റിനുകളിലും ഉണ്ട്.

ഒരു പ്രധാന ആകര്‍ഷണം എന്താണെന്നാല്‍, പുതുമുഖങ്ങളുടെ ബഹളം ആണ് സിനിമയില്‍. ഇതു വരെ കേട്ടിട്ടു പോലും ഇല്ലാത്ത ചില പുതുമുഖങ്ങള്‍ ഹീറോ ആകാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും രസകരം. എന്തൊക്കെ വീരാളിത്തരങ്ങള്‍ ആണ് പുതുമുഖങ്ങള്‍ വിളമ്പുന്നത്. വലിയ താരനിരയുള്ള ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം ഇതു വരെ ക്ലൈമാക്സില്‍ എത്തിയിട്ടില്ല എന്നതാണ് ഒരു ദു:ഖ സത്യം. സിനിമ പുറത്തിറങ്ങിയെങ്കിലും ചിത്രീകരണം ഇപ്പൊഴും തുടരുകയാണ്. തിരക്കഥയില്‍ ദിനം പ്രതി മാറ്റങ്ങള്‍ ഉണ്ടാകുന്നു. പുതിയ ആളുകള്‍ കഥാമോഷണം ആരോപിക്കുന്നു. നിര്‍മ്മാതാക്കള്‍ പലരായത് കൊണ്ട് അവര്‍ തമ്മിലും വിവാദങ്ങള്‍ ഉണ്ട്.

പ്രധാന താര സംഘടനയെ ചിത്രീകരണതിലോ അല്ലെങ്കില്‍ സിനിമാ നിര്‍മ്മാണത്തിലോ പങ്കെടുപ്പിച്ചില്ല എന്നൊരു പരാതി ഉണ്ട്. അതെന്തായാലും മോശം ആയിപ്പോയി ലയന നിര്‍മ്മാതാക്കളെ. ഇനി അവരുമായി ഒരു ചര്‍ച്ച ഒക്കെ ഉണ്ടല്ലോ. ചോര്‍ച്ച ഒന്നും ഉണ്ടാകാതെ നോക്കുക. ഇതിന്റെ ഇടക്ക് മറ്റൊരു രസം. ചില സൂപ്പര്‍ താരങ്ങളെ അയോഗ്യരായി പ്രഖ്യാപിക്കണം എന്നു പറഞ്ഞ് കുറെ സഹനടന്മാര്‍ രംഗത്തെത്തിയിരിക്കുന്നു. അവര്‍ പറയുന്നു തറവാട് അവരുടെയാണെന്ന്. ഇതൊക്കെ കണ്ട് പൊതുജനം ചിരിക്കുന്നത് ഇവരൊക്കെ കാണുന്നുണ്ടോ ആവോ. അവസാനം സിനിമ അവാര്‍ഡിന് പരിഗണിക്കുമ്പോള്‍ മിക്കവാറും ഒരു നടനും അവാര്‍ഡ് കിട്ടാതെ പോകുമോ എന്നാണ് ഈയുള്ളവന്റെ സംശയം.

എന്താ‍യാലും “ലയനം” ഒരു വന്‍ വിചയമാകട്ടെ എന്നാശംസിക്കുന്നു.

0 അഭിപ്രായങ്ങള്‍ to ലയനം

Post a Comment